തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയെക്കുറിച്ച് സർക്കാർ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. അഡീഷണൽ സെക്രട്ടറി വിശ്വനാഥ് സിൻഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് വിവരങ്ങൾ ശേഖരിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണ് വെള്ളം മുടങ്ങിയതെന്ന് ജല അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
ജല അതോറിറ്റിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ, പ്രതിസന്ധി പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നു. 5 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തിൽ നോട്ടക്കുറവ് ഉണ്ടായതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പുതിയ പൈപ്പ് സ്ഥാപിക്കുമ്പോൾ നിർദേശിക്കപ്പെട്ട ആഴത്തിൽ കുഴിച്ചിട്ട ശേഷമാണ് പമ്പിങ് നിർത്തേണ്ടിയിരുന്നത്. എന്നാൽ, പണി ആരംഭിക്കുമ്പോൾ തന്നെ പമ്പിങ് നിർത്തിവച്ചു.
പൈപ്പ് സ്ഥാപിക്കുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇല്ലായിരുന്നു. പൈപ്പ് സ്ഥാപിച്ച് പമ്പിങ് പുനഃസ്ഥാപിച്ചപ്പോൾ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും പമ്പിങ് നിർത്തേണ്ടി വന്നു. മേൽനോട്ടം നടത്തേണ്ട ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് തടസ്സമായതായും, കോർപ്പറേഷനോട് ജലവിതരണം നടത്തണമെന്ന് ആവശ്യപ്പെടാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിശദമായ അന്വേഷണത്തിന് ടെക്നിക്കൽ മെമ്പറെ ചുമതലപ്പെടുത്താനും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
Story Highlights: Government seeks detailed report on water crisis in Thiruvananthapuram city