മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവിനായി 2,35,967 രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ചികിത്സയ്ക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ശിവശങ്കർ നൽകിയ അപേക്ഷ പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 13 മുതൽ 17 വരെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ശിവശങ്കർ ചികിത്സ തേടിയിരുന്നു. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരമാണ് ഈ തുക അനുവദിച്ചതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി ചെലവായ 2,35,967 രൂപയുടെ രേഖകൾ ശിവശങ്കർ സർക്കാരിന് സമർപ്പിച്ചിരുന്നു.
സർക്കാർ സർവീസിലിരിക്കെ തന്നെയാണ് ശിവശങ്കർ ചികിത്സാ ചെലവിനായി അപേക്ഷ നൽകിയത്. ഈ അപേക്ഷ പരിഗണിച്ചാണ് ഇപ്പോൾ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ ശിവശങ്കർ നിലവിൽ ജാമ്യത്തിലാണെന്നും അറിയിച്ചു.