സ്വർണവില വീണ്ടും കുതിച്ചുയർന്ന് 71,000 രൂപയ്ക്ക് മുകളിലെത്തി. ഡോളർ സൂചികയിലെ ഇടിവിനെത്തുടർന്ന് അന്താരാഷ്ട്ര സ്വർണവില ഉയർന്നതാണ് ഇതിന് കാരണം. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഇന്ത്യയിലെ സ്വർണവിലയിൽ വ്യത്യാസം വരാറുണ്ട്.
ഇന്നത്തെ വില വർധനവിൽ സ്വർണം പവന് ഒറ്റയടിക്ക് 1,760 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,440 രൂപയായി ഉയർന്നു. ഗ്രാമിന് 220 രൂപ വർധിച്ച് 8,930 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച സ്വർണത്തിന്റെ വില പവന് 360 രൂപ കുറഞ്ഞിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് 49 രൂപ കുറഞ്ഞ് 8710 രൂപയായിരുന്നു വില. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 69,680 രൂപയായിരുന്നു.
ഇന്ത്യ സ്വർണ്ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ്. അതിനാൽ തന്നെ ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കും. ടൺ കണക്കിന് സ്വർണമാണ് ഓരോ വർഷവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാലും ഇന്ത്യയിൽ വില കുറയണമെന്നില്ല. ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത തുടങ്ങിയ നിരവധി ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നു. ഇവയെല്ലാം ഇന്ത്യൻ സ്വർണ വിപണിയിൽ നിർണായക പങ്ക് വഹിക്കുന്നു.
അതുകൊണ്ട് തന്നെ സ്വർണത്തിന്റെ വില നിർണയിക്കുന്നതിൽ ഈ ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
Story Highlights : Today Gold Rate Kerala – 21 May 2025