ഗോകുലം കേരള എഫ്സി 2024-25 ഐ ലീഗ് സീസണിലേക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു. സ്പാനിഷ് പരിശീലകൻ അൻ്റോണിയോ റൂയേഡയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു മാസമായി പരിശീലനം നടത്തിവരുന്ന ടീം മൂന്നാം ഐ ലീഗ് കിരീടവും ഐഎസ്എൽ പ്രവേശനവുമാണ് ലക്ഷ്യമിടുന്നത്. 24 അംഗ സ്ക്വാഡിൽ 11 മലയാളി താരങ്ങളും ഉൾപ്പെടുന്നു.
ബാഴ്സലോണ ബി ടീം അംഗമായിരുന്ന സ്പാനിഷ് സ്ട്രൈക്കർ അബലേഡോ, സെർജിയോ, ഉറുഗ്വേയൻ താരം മാർട്ടിൻ ഷാവേസ്, മാലി സ്ട്രൈക്കർ അഡാമ എന്നിവരുൾപ്പെടെ വിദേശ താരങ്ങളും ടീമിലുണ്ട്. വി പി സുഹൈർ, മൈക്കിൾ സൂസെരാജ്, മഷൂർ ഷെരീഫ്, സലാം രഞ്ജൻ, ഗോൾ കീപ്പർ ഷിബിൻ തുടങ്ങിയ പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങൾക്കൊപ്പം എമിൽ ബെന്നി, രാഹുൽ രാജു, തർപ്യൂയ, അതുൽ, നിതിൻ തുടങ്ങിയ യുവ പ്രതിഭകളും ടീമിലുണ്ട്.
“ചാംപ്യൻഷിപ്പ് നേടാൻ ആവശ്യമായ കഴിവുള്ള താരങ്ങൾ സ്ക്വാഡിലുണ്ട്. കൂടുതൽ ആരാധകർ സ്റ്റേഡിയത്തിലെത്തി ടീമിനെ പിന്തുണയ്ക്കണം,” എന്ന് ഹെഡ് കോച്ച് അന്റോണിയോ റുവേഡ പറഞ്ഞു. നവംബർ 22-ന് ഹൈദരാബാദിൽ ശ്രീനിധി ഡെക്കാനുമായുള്ള മത്സരത്തോടെയാണ് ഗോകുലത്തിന്റെ ഐ-ലീഗ് സീസൺ ആരംഭിക്കുന്നത്. ആദ്യ ഹോം മത്സരത്തിൽ ഐസ്വാൾ എഫ്സിയെ നേരിടും. എല്ലാ ഹോം മത്സരങ്ങളും രാത്രി 7 മണിക്ക് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് നടക്കുക.
Story Highlights: Gokulam Kerala FC announces squad for 2024-25 I-League season, aiming for third title and ISL entry