ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം നാളെ അവസാനിക്കുമെന്നും രണ്ടാം ഘട്ട ചർച്ചകൾ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിൽ ആരംഭിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹമാസ് പ്രതിനിധികളും ഇസ്രയേൽ പ്രതിനിധികളും ഈ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ടെന്ന് ഈജിപ്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കരാറിന്റെ ആദ്യ ഘട്ടത്തിൽ, ഹമാസ് 33 ബന്ദികളെയും ഇസ്രയേൽ ആയിരത്തിലധികം പലസ്തീൻ തടവുകാരെയും മോചിപ്പിച്ചു.
വെസ്റ്റ് ബാങ്കിലെത്തിയ മോചിതരായ പലസ്തീൻ തടവുകാർക്ക് വികാരനിർഭരമായ സ്വീകരണമാണ് ലഭിച്ചത്. റാമല്ല കൾച്ചറൽ പാലസിലെ ചെക്ക് പോയിന്റിൽ ബസെത്തിയപ്പോൾ നൂറുകണക്കിന് ആളുകൾ അവരെ വരവേൽക്കാൻ തടിച്ചുകൂടി. ഇസ്രയേൽ മോചിപ്പിച്ച തടവുകാരുടെ വരവ് പലസ്തീൻ ജനതയ്ക്ക് ആശ്വാസവും സന്തോഷവും പകർന്നു.
ഹമാസ് ഇനിയും 59 പേരെ വിട്ടയയ്ക്കാനുണ്ട്. എന്നാൽ ഇതിൽ 32 പേർ മരിച്ചുവെന്നാണ് ഇസ്രയേലിന്റെ വാദം. മരിച്ചവരിൽ ഒൻപത് പേർ സൈനികരാണെന്നും ഇസ്രയേൽ അറിയിച്ചു. റെഡ് ക്രോസിൽ നിന്നും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ ശേഷം ഡിഎൻഎ ടെസ്റ്റുകൾ നടത്തുമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.
രണ്ടാം ഘട്ട ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുക, ഗാസയിൽ അവശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുക, മേഖലയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ബന്ദികളോട് ഹമാസ് മോശമായി പെരുമാറുന്നുവെന്ന് ആരോപിച്ച് 600-ലധികം തടവുകാരുടെ മോചനം ഇസ്രയേൽ നേരത്തെ വൈകിപ്പിച്ചിരുന്നു.
ചർച്ചകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, വെടിനിർത്തൽ കരാർ ഉണ്ടെങ്കിലും ഗാസ മുനമ്പിലെ ഒരു പ്രധാന ഇടനാഴിയിൽ നിന്ന് പിന്മാറില്ലെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത് വെടിനിർത്തൽ കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നും ഇങ്ങനെയാണെങ്കിൽ രണ്ടാം ഘട്ട ചർച്ചകൾ സാധ്യമാകില്ലെന്നും ഹമാസ് പ്രതികരിച്ചിരുന്നു.
ഹമാസിന്റെ ഭരണ-സൈനിക ശേഷി ഇല്ലാതാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലക്ഷ്യമിടുന്നതിനാൽ ഒരു കരാറിലെത്തുന്നത് വെല്ലുവിളിയായി തുടരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Story Highlights: Israel and Hamas have begun the second phase of ceasefire talks in Cairo, Egypt, following the initial phase’s prisoner exchange.