ഗസ്സയിലെ സംഘർഷത്തിന് വിരാമമിട്ടുകൊണ്ട് ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതായി റിപ്പോർട്ട്. ഖത്തർ, അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് കരാർ ഒത്തുതീർപ്പായത്. ബന്ദികളെ വിട്ടയക്കാമെന്ന ഹമാസിന്റെ ഉറപ്പാണ് കരാറിലെ പ്രധാന വ്യവസ്ഥയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറുമെന്നും ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഗസ്സയിൽ നിന്ന് പലായനം ചെയ്തവർക്ക് തിരിച്ചുവരാമെന്നും കരാറിലുണ്ട്. ഖത്തറും ഈജിപ്തും ചേർന്നാകും തിരിച്ചുവരവിന് മേൽനോട്ടം വഹിക്കുക.
ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഉടൻ മാധ്യമങ്ങളെ കാണുമെന്നും വാർത്തയുണ്ട്. വെടിനിർത്തൽ കരാറിൽ ഇരുപക്ഷവും ഔദ്യോഗികമായി സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖത്തർ പ്രധാനമന്ത്രി ഇസ്രായേൽ, ഹമാസ് പ്രതിനിധികളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഗസ്സയിലെ വെടിനിർത്തൽ കരാറിനെക്കുറിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചു. പശ്ചിമേഷ്യയിലെ ബന്ദികൾ ഉടൻ മോചിതരാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതിനു പിന്നാലെ ഖത്തർ വിദേശകാര്യ മന്ത്രാലയം അടിയന്തര വാർത്താസമ്മേളനം വിളിച്ചുചേർത്തു. രാത്രി എട്ട് മണിക്ക് വാർത്താസമ്മേളനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടങ്ങിയിട്ടില്ല.
ഏറെ ആശ്വാസകരമായ വാർത്തയാണിതെന്ന് വിദേശകാര്യ വിദഗ്ദ്ധൻ ടി പി ശ്രീനിവാസൻ പ്രതികരിച്ചു. എത്രയോ മുൻപ് നടക്കേണ്ടിയിരുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലസ്തീനിൽ ഇസ്രായേലികൾ ബന്ദികളാക്കപ്പെട്ടതായിരുന്നു പ്രധാന പ്രശ്നമെന്നും ബന്ദികളെ കൈമാറാമെന്ന് സമ്മതിച്ചതോടെയാണ് കരാർ സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ട്രംപിനാണെന്നും അധികാരത്തിൽ വരുമ്പോൾ യുദ്ധം അവസാനിപ്പിക്കുക മാത്രമല്ല, അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നതായും ടി പി ശ്രീനിവാസൻ പറഞ്ഞു.
Story Highlights: Israel and Hamas have reached a ceasefire agreement in Gaza, mediated by Qatar, the US, and Egypt.