വയനാട്ടിലെ ദുരന്തസ്ഥിതി വിലയിരുത്താൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം യാത്ര മാറ്റിവച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. മൈസൂരിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തീരുമാനം. എത്രയും വേഗം വയനാട്ടിൽ എത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അധികൃതർ അറിയിച്ചതിനാലാണ് സന്ദർശനം മാറ്റിവച്ചത്. വയനാട് ചൂരൽമലയിലെ ദുരന്തത്തിൽ 126 പേർ മരിച്ചതായി റിപ്പോർട്ട്. 75 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 36 പുരുഷന്മാരുടേയും 39 സ്ത്രീകളുടേയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
ഇന്നത്തെ രക്ഷാപ്രവർത്തനം താത്ക്കാലികമായി അവസാനിപ്പിച്ചു. നാളെ പുലർച്ചെ ദൗത്യം വീണ്ടും പുനരാരംഭിക്കും. 800-ലധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. 3069 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ റോപ്പ് മാർഗവും എയർ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവൻ പേരെയും മറുകരയിലെത്തിച്ചു. 22 മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ച് മൃതദേഹങ്ങൾ കൂടി മറുകരയിൽ എത്തിക്കാനുണ്ട്. വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി.
Story Highlights: Rahul Gandhi and Priyanka Gandhi postpone Wayanad visit due to adverse weather conditions Image Credit: twentyfournews