മണിപ്പൂരിലെ മെയ്തെയ് സംഘടനകളുടെ കൂട്ടായ്മ അസം റൈഫിൾസിനെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സുരക്ഷാ ചുമതലയിലുള്ള അസം റൈഫിൾസിനെ അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കാനാണ് ആഹ്വാനം.
ഇന്തോ-മ്യാന്മർ അതിർത്തി രക്ഷാ ചുമതലയിൽ നിന്ന് അസം റൈഫിൾസിനെ മാറ്റി, പകരം ഇന്ത്യൻ ആർമി, ബിഎസ്എഫ്, സിആർപിഎഫ് എന്നിവയിൽ ഏതെങ്കിലും സംഘത്തിന് നൽകണമെന്നാണ് ആവശ്യം. കുക്കി സമുദായത്തോട് അനുഭാവത്തോടെയും പക്ഷപാതപരമായുമാണ് അസം റൈഫിൾസ് പെരുമാറുന്നതെന്ന് മെയ്തെയ് സംഘടനകൾ ആരോപിക്കുന്നു.
അസം റൈഫിൾസ് സേനാംഗങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ആനുകൂല്യവും സ്വീകരിക്കരുതെന്ന് മണിപ്പൂര് യൂണിറ്റി കോര്ഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ ബഹിഷ്കരണത്തോട് അസം റൈഫിൾസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ, മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഡൽഹിയിൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മെയ് മാസം ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 220 പേർ കൊല്ലപ്പെട്ടുവെന്നും 60000 പേർ അഭയാർത്ഥികളായെന്നുമാണ് കണക്ക്.