മാട്ടുപ്പെട്ടി ഡാം പദ്ധതിയുടെ ഭാഗമായി സീപ്ലെയിൻ (Seaplane) പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വനം വകുപ്പ് എതിർപ്പ് അറിയിച്ചു. ഡാം ആനത്താരയുടെ ഭാഗമാണെന്നും വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടി.
സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ഈ ആശങ്ക പ്രകടിപ്പിച്ചത്. എന്നാൽ പരീക്ഷണ ലാൻഡിംഗിന് എതിർപ്പ് അറിയിച്ചിട്ടില്ല. തുടർന്നുള്ള ലാൻഡിംഗിന് മുൻപ് വിശദമായ പഠനം വേണമെന്ന് വനം വകുപ്പ് നിർദ്ദേശിച്ചു.
കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീപ്ലെയിൻ. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള സാധ്യത വിനോദസഞ്ചാരികൾക്ക് ലഭിക്കും.
കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള ബന്ധവും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുള്ള കണക്ടിവിറ്റിയും മെച്ചപ്പെടുത്താൻ സീപ്ലെയിൻ പദ്ധതി സഹായിക്കും. വിജയവാഡയിൽ നിന്നാണ് സീപ്ലെയിൻ കേരളത്തിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയിൻ കൊച്ചിയിൽ എത്തിച്ചേർന്നു.
Story Highlights: Forest department raises concerns over seaplane project’s impact on elephants at Mattupetty Dam