കൊച്ചി നഗരത്തിൽ ഇന്ന് അനുഭവപ്പെടുന്ന ശക്തമായ മഴയും കാറ്റും മെട്രോ സർവീസിനെ സാരമായി ബാധിച്ചു. കലൂർ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിൽ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണതിനെ തുടർന്ന് ഈ റൂട്ടിലെ ഗതാഗതം താത്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു.
ഫ്ലക്സ് ബോർഡ് നീക്കം ചെയ്തതിനു ശേഷം സർവീസ് പുനരാരംഭിച്ചെങ്കിലും, പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷനുകൾക്കിടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടർപ്പോളിൻ മറിഞ്ഞു വീണു. ഇതോടെ ഈ ഭാഗത്തേക്കുള്ള ട്രെയിൻ സർവീസ് 15 മിനിറ്റോളം നിർത്തിവയ്ക്കേണ്ടി വന്നു.
കനത്ത മഴയും കാറ്റും കാരണം കൊച്ചി മെട്രോ സർവീസ് പലയിടത്തും തടസ്സപ്പെട്ടു. ഈ സാഹചര്യത്തിൽ മെട്രോ അധികൃതർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാർ ബുദ്ധിമുട്ട് നേരിടാതിരിക്കാൻ അധികൃതർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.