2020 സെപ്റ്റംബർ 25നായിരുന്നു സംഗീത ലോകത്തുനിന്നും അതുല്യ പ്രതിഭയായ എസ്പിബി എന്ന വിസ്മയം വിടവാങ്ങിയത്. എസ്പിബിയുടെ വിയോഗം ഇന്നും സംഗീത ലോകത്തിനു ഒരു നഷ്ടമായി നിലനിൽക്കുന്നു.
സംഗീതാസ്വാദകരുടെയുള്ളിൽ ഇടം നേടിയ എസ് പി ബി എന്ന മഹാത്മാവിനെ ഒരിക്കലും മറക്കാനാകില്ല. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടോ, പാട്ട് ചൊല്ലിത്തരാൻ ഗുരുവോ, സംഗീതപാരമ്പര്യമോ ഇല്ലാതിരുന്ന അദ്ദേഹം തന്റെ സുന്ദരശബ്ദത്തിലൂടെ ആസ്വാദകരുടെ മനസ്സ് കീഴടക്കി.
ആദ്യം തെലുങ്കിലും പിന്നെ മൊഴിമാറ്റി മലയാളത്തിലുമിറങ്ങിയ ശങ്കരാഭരണത്തിലൂടെയാണ് എസ്പിബി സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയത്. അദ്ദേഹത്തെ പോലെ ലോകമെമ്പാടുമുള്ള ജന മനസ്സുകൾ ഏറ്റെടുത്ത മറ്റൊരു ഗായകൻ ഉണ്ടാകില്ല.
സിനിമാ പിന്നണി ഗായകൻ എന്നതിന് പുറമെ നടന്, സംഗീത സംവിധായകന്, സിനിമാ നിര്മ്മാതാവ്, ഡബ്ബിങ് ആര്ട്ടിസ്റ്റ് തുടങ്ങിയ നിരവധി രംഗങ്ങളിൽ എസ്പിബി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.16 ഭാഷകളിലായി നാല്പ്പതിനായിരത്തില്പ്പരം ഗാനങ്ങള് അദ്ദേഹം ആലപിച്ചിട്ടുണ്ട്.
ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്പിബി 1946 ജൂണ് 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ജനിച്ചത്. 1966-ല് ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം.
എസ്പിബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനമായി അറിയപ്പെടുന്നത് എം.ജി.ആര് നായകനായ അടിമൈപ്പെണ് എന്ന ചിത്രത്തിലെ ഗാനമാണ്. ആര്.ഡി.ബര്മന് ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു ഹിന്ദിയിലെ അരങ്ങേറ്റം.
Story highlight : First death anniversary of S P Balasubrahmanyam.