പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലുപേർ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുടുങ്ങിയ സംഭവത്തിൽ സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ അവരെ സുരക്ഷിതമായി കരയിലെത്തിച്ചു. മൂന്ന് പുരുഷന്മാരും ഒരു വയോധികയും ഉൾപ്പെടുന്ന സംഘം പുഴയുടെ നടുവിലെ പാറയിൽ കുടുങ്ങുകയായിരുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടി രക്ഷാപ്രവർത്തനത്തെ നേരിട്ട് മേൽനോട്ടം വഹിച്ചു.
ഇന്നലെ മുതൽ പാലക്കാട് കനത്ത മഴ തുടരുന്നതിനാൽ മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിലെ ജലനിരപ്പ് ഉയർന്നത്. പതിവുപോലെ കുളിക്കാനിറങ്ങിയ പ്രദേശവാസികളായ നാലുപേർക്ക് ഇതോടെ കരയിലെത്താൻ കഴിയാതെ വന്നു. ഒരു മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇവരെ സുരക്ഷിതമായി കരയിലെത്തിച്ചത്.
ജലനിരപ്പ് വർദ്ധിച്ചത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചെങ്കിലും, ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് വടം കെട്ടി അതിസാഹസികമായി ഇവരെ കരയിലേക്ക് കൊണ്ടുവരാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി കെ കൃഷ്ണൻകുട്ടി അഭിനന്ദിച്ചു.