സിനിമാ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിർമാതാവ് ജി സുരേഷ് കുമാർ ആവർത്തിച്ചു. തിയേറ്ററുകൾ നഷ്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഡ്യൂസേഴ്\u200cസ് അസോസിയേഷന്\u200d എക്\u200cസിക്യുട്ടീവ് കമ്മറ്റി യോഗത്തിന് മുന്നോടിയായിട്ടാണ് ഈ പ്രതികരണം. താരങ്ങൾക്കെതിരെയല്ല, സർക്കാരിനെതിരെയാണ് തങ്ങളുടെ സമരമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയിലെ പ്രശ്നങ്ങൾ അമ്മയുമായി ചർച്ച ചെയ്യുമെന്നും സുരേഷ് കുമാർ പറഞ്ഞു. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും എല്ലാവർക്കുമൊരേ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ നിർത്തണമെന്ന് വിചാരിച്ചാൽ നിർത്തിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കളക്ഷൻ രേഖകൾ മുഴുവനായും പുറത്തുവിടാനാണ് തീരുമാനമെന്നും സുരേഷ് കുമാർ വ്യക്തമാക്കി. കളക്ഷനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്റണി പെരുമ്പാവൂരുമായി ഇനി ഒരു ചർച്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞ വാക്കുകൾ ശരിയായില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണിയുമായി തനിക്ക് സംസാരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ താരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഫിലിം ചേംബർ രംഗത്തെത്തി. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണയുണ്ട്. ഒരു താരവും അവിഭാജ്യഘടകമല്ലെന്നും ചേംബർ പറഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ് ആയെന്ന് ഓർക്കണമെന്നും ചേംബർ പറഞ്ഞു.
ഫിലിം ചേംബറിന് സിനിമ സമരത്തിന് അമ്മയുടെയോ ഫെഫ്കയുടെയോ പിന്തുണ വേണ്ടെന്നും അവർ വ്യക്തമാക്കി. താരങ്ങൾ കുത്തകയല്ലെന്നും ആറ് മാസം മുഖം കാണാതെയിരുന്നാൽ ജനം മറക്കുമെന്നും ചേംബർ പരിഹസിച്ചു. ഞങ്ങൾക്ക് മറ്റ് വഴികളുണ്ടെന്നും ചേംബർ പറഞ്ഞു. ആയിരം രൂപക്ക് ആരും സിന്തോൾ സോപ്പ് വാങ്ങി കുളിക്കില്ലല്ലോ എന്നും ചേംബർ പരിഹസിച്ചു.
Story Highlights: Producer G Suresh Kumar reiterates his stance on the ongoing film strike, stating that there will be no backing down.