വ്യാഴാഴ്ച വൈകീട്ട് അല് റയ്യാനിലെ അലി ബിന് അഹമ്മദ് സ്റ്റേഡിയത്തില് നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില് ഖത്തറിന് യു.എ.ഇയോട് പരാജയം സംഭവിച്ചു. ആയിരക്കണക്കിന് മലയാളികള് ഉള്പ്പെടെയുള്ള ആരാധകര് നിറഞ്ഞ ഗാലറിയില് നടന്ന വാശിയേറിയ മത്സരത്തില് 3-1 എന്ന സ്കോറിനാണ് ഏഷ്യന് ചാമ്പ്യന്മാരായ ഖത്തര് തോറ്റത്.
കളിയുടെ ആദ്യപകുതിയില് ഇബ്രാഹിം അല് ഹസന് നേടിയ ഗോളിലൂടെ ഖത്തറാണ് ലീഡ് നേടിയത്. 38-ാം മിനിറ്റില് അക്രം അഫീഫ് നല്കിയ മികച്ച ക്രോസില് നിന്നായിരുന്നു ഈ ഗോള്. എന്നാല് രണ്ടാം പകുതിയില് യു.എ.ഇ കളി തിരിച്ചുപിടിച്ചു. 68-ാം മിനിറ്റില് ഹാരിബ് സുഹൈലിലൂടെ സമനില പിടിച്ച യു.എ.ഇ, 80-ാം മിനിറ്റില് ഖാലിദ് അല് ദഹ്നാനിയിലൂടെയും 94-ാം മിനിറ്റില് അലി സാലിഹിലൂടെയും കൂടുതല് ഗോളുകള് നേടി.
രണ്ടാം പകുതിയില് യു.എ.ഇയുടെ കളി ഗണ്യമായി മെച്ചപ്പെട്ടു. ആദ്യ പകുതിയില് ഒരു തവണ പോലും ഷോട്ട് ചെയ്യാന് കഴിയാതിരുന്ന അവര്, രണ്ടാം പകുതിയില് ഏഴ് ഷോട്ടുകള് ഉതിര്‍ത്തു. ഒരു ഗോള് നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മധ്യനിര താരം ഹാരിബ് സുഹൈലിന്റെ മികച്ച പ്രകടനം യു.എ.ഇയുടെ വിജയത്തില് നിര്‍ണായകമായി.
Story Highlights: UAE defeats Qatar 3-1 in FIFA World Cup 2026 Asian qualifiers match