വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിലേക്ക് ആരെയും ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന് ലത്തീൻ സഭാ വികാരി ജനറൽ ഫാദർ യൂജിൻ പെരേര വെളിപ്പെടുത്തി. സംസ്ഥാന സർക്കാർ വാക്കുപാലിക്കാതിരുന്നപ്പോൾ, കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ജനകീയ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പ്രശംസിച്ചു.
കേന്ദ്ര സർക്കാർ മുതലപ്പൊഴിയിൽ പോലും പ്രശ്നം പരിഹരിക്കാൻ തയാറാണെന്ന് ഫാദർ യൂജിൻ പെരേര ചൂണ്ടിക്കാട്ടി. എന്നാൽ സംസ്ഥാന സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും, കേന്ദ്രവിഹിതം നൽകുന്നില്ലെന്ന പരാതി മാത്രമാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ സംസ്ഥാന സർക്കാർ പാലിച്ചിട്ടില്ലെന്ന് ഫാദർ യൂജിൻ പെരേര കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ സഹകരിച്ചിട്ടും സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഔദ്യോഗികമായി ക്ഷണിക്കാതെ നോട്ടീസിൽ ആർച്ച് ബിഷപ്പിന്റെ പേര് അച്ചടിച്ചതിനെയും അദ്ദേഹം വിമർശിച്ചു.