മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ് വിജയ് ബ്രാൻഡിന്റെ പേര് മാറുന്നുവെന്ന പ്രചാരണം തള്ളിക്കളഞ്ഞു. ഒരു സിനിമാ താരത്തിന്റെ ഫോട്ടോ ഉപയോഗിച്ച് വിജയ് ഇനി മുതൽ മറ്റൊരു പേരിൽ അറിയപ്പെടുമെന്ന് പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് കമ്പനി വ്യക്തമാക്കി. സൗദി അറേബ്യയിലെ SAIPയിൽ വിജയ് ബ്രാൻഡിന്റെ പേരും ലോഗോയും ട്രേഡ് മാർക്ക് നിയമപ്രകാരം മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.
കഴിഞ്ഞ 40 വർഷമായി സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ വിശ്വസ്തമായ ബ്രാൻഡായ വിജയ്, ഗുണമേന്മയും വിലക്കുറവും കൊണ്ട് ശ്രദ്ധേയമാണ്. വിജയ് ബ്രാൻഡ് വിപണിയിൽ മാറ്റമില്ലാതെ തുടരുമെന്ന് മൂലൻസ് ഗ്രൂപ്പ് ഉറപ്പു നൽകി. വിജയ് ബ്രാൻഡിന്റെ സ്വീകാര്യതയും പ്രശസ്തിയും മുതലെടുക്കാനും ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കാനും ചെയ്ത ഈ പ്രവർത്തികൾ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി മൂലൻസ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. ഒരു പുതിയ ബ്രാൻഡ് സൃഷ്ടിക്കാനായി ഒരു സിനിമാ താരത്തെ തെറ്റിധരിപ്പിച്ച് കൂട്ടുപിടിക്കാനുള്ള ശ്രമമാണിതെന്നും കമ്പനി വ്യക്തമാക്കി.
ഈ പ്രവർത്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി മൂലൻസ് ഗ്രൂപ്പ് അറിയിച്ചു. വിജയ് ബ്രാൻഡിന്റെ വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കിയതിന് സൗദി ഗവൺമെന്റിന്റെ നിയമനടപടികൾ നേരിടുന്നവർ തന്നെയാണ് ഈ തെറ്റായ പ്രചാരണത്തിന്റെ പിന്നിലെന്ന് കമ്പനി സംശയിക്കുന്നു. 1985ൽ ദേവസ്സി മൂലൻ സ്ഥാപിച്ച മൂലൻസ് ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ്, വിജയ് ബ്രാൻഡിന് കീഴിൽ സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, അച്ചാറുകൾ, അരിപ്പൊടികൾ തുടങ്ങിയ കേരള-ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു.