യൂറോ വനിതാ ചാമ്പ്യന്മാരെ ഇന്ന് അറിയാനാകും. സ്വിറ്റ്സർലാൻഡിലെ ബാസലിലാണ് ഫൈനൽ മത്സരം നടക്കുന്നത്. 2023-ലെ വനിതാ ലോകകപ്പ് പതിപ്പിലെ ആവർത്തനം പോലെ സ്പെയിൻ – ഇംഗ്ലണ്ട് പോരാട്ടമാണ് ഇത്തവണയും നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം ആരംഭിക്കുന്നത്.
നോക്കൗട്ടിൽ മികച്ച പോരാട്ടം കാഴ്ചവെച്ചാണ് സ്പെയിൻ ഫൈനലിൽ എത്തിയത്. ടൂർണമെന്റിൽ വ്യക്തിത്വവും കഴിവുമുള്ള കളിക്കാരുള്ള ടീമാണ് സ്പെയിൻ. എട്ട് തവണ ജേതാക്കളായ ജർമ്മനിയെയും ആതിഥേയരായ സ്വിറ്റ്സർലാൻഡിനെയും മറികടന്നാണ് ഫൈനൽ വരെയുള്ള സ്പെയിനിന്റെ പ്രയാണം. മിഡ്ഫീൽഡർമാരായ പാട്രി ഗുയിജാരോയും ഐറ്റാന ബോൺമാറ്റിയും നോക്കൗട്ട് റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
അതേസമയം, ഇംഗ്ലണ്ട് സ്വീഡനെയും ഇറ്റലിയെയും മറികടന്നാണ് ഫൈനലിൽ എത്തിയത്. ഇംഗ്ലണ്ടിന്റെ സൂപ്പർ സബ്ബുകളുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ടൂർണമെന്റിൽ ഇംഗ്ലണ്ട് പ്രതിസന്ധിയിലായ നിരവധി ഘട്ടങ്ങളുണ്ടായിട്ടുണ്ട്. ഇവരുടെ സഹായത്തോടെ അവിശ്വസനീയമായ തിരിച്ചുവരവുകളാണ് ഇംഗ്ലണ്ട് നടത്തിയത്.
ഫ്രാൻസിനെതിരായ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് നെതർലാൻഡ്സ്, വെയിൽസ് എന്നിവക്കെതിരെ വിജയം നേടി അവർ മുന്നേറി. ഗ്രൂപ്പ് ഘട്ടങ്ങളിൽ അലക്സിയ പുട്ടെല്ലസ് ആവേശകരമായ പ്രകടനമാണ് കാഴ്ചവെച്ചത്.
ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം സൂപ്പർ സബ്ബുകളുടെ പ്രകടനം നിർണായകമാകും. അതേസമയം, സ്പെയിൻ ആകട്ടെ കഴിവുറ്റ കളിക്കാർ നിറഞ്ഞ ടീമാണ്. അതിനാൽ തന്നെ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
ഇരു ടീമുകളും മികച്ച ഫോമിൽ കളിക്കുന്നതിനാൽ ഫൈനൽ മത്സരം ആവേശകരമാകും എന്ന് ഉറപ്പാണ്. ആരാകും യൂറോ വനിതാ ചാമ്പ്യൻമാർ എന്ന് ഉറ്റുനോക്കുകയാണ് കായിക ലോകം.
Story Highlights: The Euro Women’s Championship final will be held in Basel, Switzerland, featuring a Spain-England match reminiscent of the 2023 World Cup, with Spain overcoming Germany and Switzerland to reach the final.