ഷിരൂര്‍ മണ്ണിടിച്ചില്‍: അര്‍ജുനായുള്ള തിരച്ചില്‍ 13-ാം ദിവസവും തുടരുന്നു

Anjana

Shirur landslide search operation

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും പ്രതിസന്ധിയില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം നദിയില്‍ തിരച്ചില്‍ തുടരുന്നു. ഉത്തരകന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചതനുസരിച്ച്, തിരച്ചില്‍ ദുഷ്കരമാണെങ്കിലും ദൗത്യം തുടരും.

പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ഉഡുപ്പിയില്‍ നിന്നുള്ള ഈശ്വര്‍ മാല്‍പേ ഇന്നും നദിയിലിറങ്ങി തിരച്ചില്‍ നടത്തി. ഇന്നലെ മൂന്ന് സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും തകരഷീറ്റുകളും മരകഷ്ണങ്ങളും മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താനായില്ല. അവശേഷിക്കുന്ന ഒരു സ്ഥലത്താണ് ഇന്ന് പരിശോധന തുടരുന്നത്. അടിത്തട്ടിലേക്ക് പോയി തിരച്ചില്‍ നടത്തുക ദുഷ്കരമാണെന്നും സ്വന്തം ഉത്തരവാദിത്തത്തില്‍ തിരച്ചില്‍ തുടരുമെന്നും ഈശ്വര്‍ മാല്‍പേ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫ്ലോട്ടിങ് പോന്റൂണ്‍ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായും ഡ്രഡ്ജിങ് സാധ്യത അവസാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ മറ്റു വഴികള്‍ തേടുമെന്ന് അറിയിച്ചു. ഗംഗാവാലി നദിയിലെ അടിയൊഴുക്കില്‍ നേരിയ കുറവുണ്ടെങ്കിലും മഴ തുടരുന്നതിനാല്‍ പ്രതിസന്ധി നിലനില്‍ക്കുന്നതായി നാവികസേന വിലയിരുത്തി.