തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമം തുറന്നുപറഞ്ഞ സംഭവത്തിൽ ഡോ. ഹാരിസ് ചിറക്കൽ പ്രതികരണവുമായി രംഗത്ത്. തനിക്കെതിരെ എന്ത് നടപടിയുണ്ടായാലും നേരിടാൻ തയ്യാറാണെന്നും എല്ലാ തെളിവുകളും വിദഗ്ധ സമിതിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
ഒന്നിലും ഭയമില്ലെന്നും തന്റെ പ്രതികരണം ബ്യൂറോക്രസിക്കെതിരെ മാത്രമായിരുന്നുവെന്നും ഡോ. ഹാരിസ് പറഞ്ഞു. ഫേസ്ബുക്കിൽ പ്രതികരിച്ച രീതിയിൽ തെറ്റുപറ്റിയെന്നും അദ്ദേഹം സമ്മതിച്ചു. ഔദ്യോഗികമായി ചുമതലകൾ മാറിയതല്ലെന്നും, നടപടിയുണ്ടായാൽ മുൻകരുതൽ എന്ന നിലയിലാണ് ജൂനിയർ ഡോക്ടർമാർക്ക് ചുമതലകൾ കൈമാറിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ ജോലി നഷ്ടപ്പെട്ടാലും തനിക്ക് മറ്റൊരു ജോലി ലഭിക്കുമെന്നും ഡോ. ഹാരിസ് പറഞ്ഞു. എന്നാൽ സർക്കാർ ജോലി തിരഞ്ഞെടുക്കാൻ കാരണം ജനങ്ങൾക്ക് സേവനം ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സമിതി ചോദിച്ചപ്പോൾ തുറന്നുപറയുകയും അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകുകയും ചെയ്തു.
തന്റെ തുറന്നുപറച്ചിൽ പ്രയോജനപ്പെട്ടെന്നും രോഗികൾ തന്നെ കാണുമ്പോൾ പുഞ്ചിരിയോടെ നന്ദി അറിയിക്കുന്നത് തനിക്കുള്ള ഏറ്റവും വലിയ സമ്മാനമാണെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. സർക്കാരിനെയോ ആരോഗ്യവകുപ്പിനെയോ ഒരു പോസ്റ്റിൽ പോലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ സ്വീകരിച്ച മാർഗ്ഗം സർക്കാരിനും പാർട്ടിക്കും പ്രതിസന്ധിയായതിൽ വേദനയുണ്ടെന്ന് ഡോ. ഹാരിസ് തുറന്നുപറഞ്ഞു. തന്റെ കയ്യിൽ നിന്നും തെറ്റുപറ്റിയിട്ടുണ്ട്. മറ്റു മാർഗ്ഗങ്ങളില്ലാതെയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സി.പി.ഐ.എമ്മും എന്നും തനിക്കൊപ്പം നിന്നിട്ടുള്ളവരാണ്. അവർക്കെതിരെ തന്റെ പോസ്റ്റ് ഉപയോഗിക്കപ്പെടുന്നത് കണ്ടപ്പോൾ വേദനിച്ചുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
വിഷയത്തിന് കൂടുതൽ മാനങ്ങൾ കൈവന്നു. എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്. വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Dr. Haris Chirakkal responds to the revelation about the shortage of equipment at Thiruvananthapuram Medical College, says ready to take punishment.