എമ്പുരാൻ സിനിമയുടെ പ്രദർശനം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നുമുള്ള ആരോപണവുമായി ബിജെപി മുൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം വി വി വിജേഷ് സമർപ്പിച്ച ഹർജി കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച കോടതി, ഹർജി പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും വിമർശിച്ചു. ഹർജിക്കാരൻ സിനിമ കണ്ടിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
സിനിമ സെൻസർ ബോർഡ് അംഗീകരിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സെൻസർ ബോർഡിന്റെ നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കാൻ കോടതി സെൻസർ ബോർഡിന് നിർദ്ദേശം നൽകി. മോഹൻലാൽ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചില്ല. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെത്തുടർന്ന് ചിത്രത്തിൽ മൂന്നു മിനിറ്റോളം ദൈർഘ്യമുള്ള രംഗങ്ങൾക്ക് മാറ്റം വരുത്തിയിരുന്നു.
24 കട്ടുകളോടെയാണ് റീ-എഡിറ്റഡ് വേർഷൻ തിയേറ്ററുകളിൽ എത്തിയത്. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കുകയും സ്ത്രീകൾക്കെതിരായ അതിക്രമം ചിത്രീകരിക്കുന്നതും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്നതുമായ രംഗങ്ങൾ നീക്കം ചെയ്തു. പ്രധാന വില്ലന്റെ പേര് ബൽദേവ് എന്നാക്കി മാറ്റി. പ്രധാന കഥാപാത്രവും വില്ലനും തമ്മിലുള്ള സംഭാഷണവും പൃഥ്വിരാജും അച്ഛൻ കഥാപാത്രവും തമ്മിലുള്ള സംഭാഷണവും ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ പരാമർശവും മ്യൂട്ട് ചെയ്തിട്ടുണ്ട്.
Story Highlights: The Kerala High Court dismissed a plea seeking a ban on the film ‘Empuraan’, citing the petitioner’s questionable intentions.