എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് താരം റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഷെങ് ലോങ് ഷെങ് എന്ന കഥാപാത്രത്തെയാണ് റിക്ക് യൂൻ അവതരിപ്പിക്കുന്നത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, നിഞ്ച അസാസിൻ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് റിക്ക് യൂൻ.
ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രാം ഖുറേഷിയുടെ കരുത്തുറ്റ എതിരാളിയായിട്ടാണ് റിക്ക് യൂണിന്റെ കഥാപാത്രം എത്തുന്നത്. കറുത്ത വസ്ത്രധാരിയായി പരുഷമായ മുഖഭാവത്തോടെയാണ് പോസ്റ്ററിൽ റിക്ക് യൂണിനെ കാണുന്നത്. ഷെങ് ലോങ് ഷെങ് ആയി റിക്ക് യൂൻ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
ആഫ്രോ-ചൈനീസ് നെക്സസായ ഷെങ് ട്രയാഡിന്റെ അധിപനായാണ് ഷെങ് ലോങ് ഷെങ് എന്ന കഥാപാത്രം ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ ട്രെയിലറിൽ ചുവന്ന വ്യാളിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള സസ്പെൻസ് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഈ കഥാപാത്രമാണ് റിക്ക് യൂണിന്റേതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
ചിത്രത്തിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രം പ്രേക്ഷകർക്ക് വലിയ ഒരു സർപ്രൈസ് ആയിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. തിയേറ്ററുകളിൽ തീപാറുന്ന ഷെങ്-ഖുറേഷി പോരാട്ടത്തിനായി ആവേശഭരിതരായി കാത്തിരിക്കുകയാണ് ആരാധകർ. എൽ3 യിൽ ഈ പോരാട്ടം പൊടിപാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2019 ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മൂന്ന് ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരീസിന്റെ രണ്ടാം ഭാഗമാണിത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന മുരളി ഗോപിയുടേതാണ്.
ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാഷ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായിട്ടാണ് ചിത്രം എത്തുന്നത്.
Story Highlights: The character poster of Hollywood actor Rick Yune, who plays the villain in the film Empuraan, has been released.