എമ്പുരാൻ സിനിമയിലെ വിവാദ ഭാഗങ്ങൾ റീ-സെൻസർ ചെയ്യാൻ സെൻസർ ബോർഡ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിൽ നിന്നും 17 രംഗങ്ങൾ ഒഴിവാക്കാനാണ് നീക്കം. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പുതിയ പതിപ്പ് വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
ചിത്രത്തിനെതിരെ ഉയർന്ന വിവാദങ്ങൾക്കിടെയാണ് റീ-സെൻസറിംഗ് നടപടി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സംഘപരിവാർ എമ്പുരാനെതിരെ ബഹിഷ്കരണാഹ്വാനം നടത്തിയിരുന്നു. ചില രംഗങ്ങൾ മാറ്റുന്നതിനും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യുന്നതിനുമാണ് തീരുമാനം.
വിവാദങ്ങൾക്കിടെ ചിത്രത്തിന്റെ ബുക്കിംഗ് വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു മണിക്കൂറിൽ 28.51k എന്ന നിരക്കിലായിരുന്നു ഇന്നലെ സിനിമയുടെ ബുക്കിംഗ്. ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലും ചിത്രം ഇടം നേടിയിരുന്നു. 5.47k ടിക്കറ്റുകളാണ് ലാസ്റ്റ് ഒരു മണിക്കൂറിനുള്ളിൽ വിറ്റുപോയത്.
കലാപത്തിന്റെ ദൃശ്യങ്ങൾ മാറ്റുന്നതിനോടൊപ്പം വില്ലൻ കഥാപാത്രത്തിന്റെ പേരും മാറ്റുമെന്നാണ് വിവരം. രണ്ട് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ കയറിയ സിനിമ വൻ ജനപിന്തുണയുമായി മുന്നേറുമ്പോഴാണ് സംഘപരിവാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എമ്പുരാൻ സിനിമ ആരെയും വിഷമിപ്പിക്കാൻ വേണ്ടി എടുത്തതല്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ പ്രതികരിച്ചിരുന്നു.
സിനിമയിലെ ചില സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ മാറ്റങ്ങൾ വരുത്താമെന്ന് പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കി. ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളണമെന്ന് സീമ ജി നായർ പറഞ്ഞിരുന്നു.
Story Highlights: The controversial scenes in Mohanlal-starrer Empuraan are set to be re-censored by the censor board, with 17 scenes slated for removal.