എമ്പുരാൻ ചിത്രം 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിൽ പ്രവേശിച്ചു. സിനിമാ ചരിത്രത്തിലെ തന്നെ അപൂർവമായ ഒരു നേട്ടമാണിത്. ഈ വിജയവാർത്ത മോഹൻലാൽ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വിജയത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, മൂന്ന് ഭാഗങ്ങളുള്ള ഒരു സിനിമാ പരമ്പരയുടെ ഭാഗമാണ്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിനിമയിലെ ഖുറേഷി- അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നു. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഗെയിം ഓഫ് ത്രോൺസ് താരം ജെറോം ഫ്ലിന്നിന്റെ സാന്നിധ്യം ചിത്രത്തിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കൊടുത്തു.
മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് നേടിയ ചിത്രമെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കിയിരുന്നു. മോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായും എമ്പുരാൻ വിലയിരുത്തപ്പെടുന്നു. സിനിമയിലൂടെ സംഘപരിവാർ പ്രവർത്തകരുടെ രാഷ്ട്രീയ – വർഗീയ അജണ്ടകൾ തുറന്നുകാട്ടിയതാണ് ചർച്ചയായത്.
സംഘപരിവാർ ഉയർത്തിയ വിദ്വേഷ പ്രചാരണങ്ങൾക്കിടയിലും എമ്പുരാൻ ഈ നേട്ടം കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്. സിനിമ ഉൾപ്പടെയുള്ള സകല മേഖലകളും തങ്ങളുടെ വരുതിയിലാക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോഴാണ് ഒരു പാൻ ഇന്ത്യൻ ചിത്രത്തിലൂടെ അവരുടെ അജണ്ടകൾ തുറന്നുകാട്ടാൻ എമ്പുരാൻ ധൈര്യം കാണിച്ചത്.
Story Highlights: Empuraan, the sequel to Lucifer, crossed ₹100 crore in just 48 hours, achieving a rare feat in cinema history.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ