ന്യൂഡൽഹി◾ ‘എമ്പുരാന്’ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില് പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എല്ലാം ബിസിനസ് ആണെന്നും ആളുകളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘എന്താണ് വിവാദം, ആരാണ് ഇതെല്ലാം ഉണ്ടാക്കുന്നത്? ഇതെല്ലാം ബിസിനസ് ആണ്. ആളുകളുടെ മനോനിലയെ ഇളക്കിവിട്ട് പണം വാരുകയാണ്. അതാണ് ചെയ്യുന്നത്’– സുരേഷ് ഗോപി പറഞ്ഞു.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്. വലിയ ചര്ച്ചകള്ക്ക് വഴിവെച്ചതോടെ ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റി ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. ഗുജറാത്ത് കലാപത്തിന്റെ റഫറന്സുള്ള രംഗങ്ങളായിരുന്നു സംഘ പരിവാറില് നിന്നും വിമർശനം സൃഷ്ടിച്ചത്. ഗര്ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്സികളുടെ ബോര്ഡും വെട്ടിമാറ്റിയാണ് റീ എഡിറ്റിംഗ്.
ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനായിരുന്നു സെന്സര് ബോര്ഡിന്റെ നിര്ദേശമെന്നായിരുന്നു റിപ്പോര്ട്ട്. എന്നാല് പിന്നീടുള്ള ചര്ച്ചയില് ചില ഭാഗങ്ങള് മാത്രം എഡിറ്റ് ചെയ്താല് മതിയെന്ന് തീരുമാനമാവുകയായിരുന്നു എന്നാണ് വിവരം. അതേ സമയം സിനിമ 200 ക്ലബ്ബിലെത്തി. ‘മഞ്ഞുമ്മൽ ബോയ്സി’നു പിന്നാലെ 200 കോടി ക്ലബ്ബിലെത്തുന്ന മലയാള ചിത്രമാണ് ‘എമ്പുരാൻ’.
Story Highlights: Union Minister Suresh Gopi stated that the controversies surrounding the film ‘Empuraan’ are business tactics aimed at generating revenue by stirring public emotions.