മലയാള സിനിമയിലെ ചരിത്ര നേട്ടമായി എമ്പുരാൻ 300 കോടി ക്ലബ്ബിൽ. 30 ദിവസം കൊണ്ട് 325 കോടി രൂപയാണ് ചിത്രം നേടിയതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മോഹൻലാൽ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. മലയാളത്തിൽ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമെന്ന നേട്ടമാണ് എമ്പുരാൻ സ്വന്തമാക്കിയത്.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. 2019 ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
മഞ്ഞുമ്മൽ ബോയ്സിനെ (242.25 കോടി) മറികടന്നാണ് എമ്പുരാൻ ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമക്കെതിരെ ആർഎസ്എസും കേന്ദ്രസർക്കാരും നടത്തുന്ന ആക്രമണത്തിനിടെയാണ് എമ്പുരാൻ ഈ നേട്ടം കൈവരിച്ചത്.
ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജും രംഗത്തെത്തി. ചരിത്രത്തിൽ കൊത്തിവച്ച ഒരു സിനിമാറ്റിക് നിമിഷമാണിതെന്നും നിങ്ങള്ക്കൊപ്പമാണ് ഞങ്ങള് അത് സ്വപ്നം കണ്ടതെന്നും നിങ്ങള്ക്കൊപ്പമാണ് ഞങ്ങള് അത് നിര്മിച്ചതെന്നും മലയാള സിനിമ ഇന്ന് കൂടുതല് തിളക്കത്തോടെ ഒരുമിച്ച് തിളങ്ങുന്നുവെന്നും അദ്ദേഹം കുറിച്ചു.
മാർച്ച് 27നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Story Highlights: Empuraan, directed by Prithviraj Sukumaran and starring Mohanlal, enters the 300 crore club in just 30 days.