യുകെയിൽ ‘എമർജൻസി’ സിനിമയുടെ പ്രദർശനത്തിനിടെ ഖാലിസ്ഥാൻ വാദികൾ തടസ്സപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചു. നോർത്ത് വെസ്റ്റ് ലണ്ടണിലെ ചില തീയേറ്ററുകളിൽ മുഖംമൂടി ധാരികളായ ഖാലിസ്ഥാൻ അനുകൂലികൾ മുദ്രാവാക്യം വിളിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സിനിമ നിർത്താൻ തീയേറ്റർ അധികൃതരെ നിർബന്ധിക്കുകയും ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും രൺദീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പല തീയേറ്ററുകളിലും സിനിമ തടസ്സപ്പെടുത്താനുള്ള ശ്രമം നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മറ്റ് പല സ്ഥലങ്ങളിൽ നിന്നും സമാന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി തവണ റിലീസ് മാറ്റിവെച്ച ‘എമർജൻസി’ ജനുവരി 17നാണ് തിയേറ്ററുകളിലെത്തിയത്. കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രമാണിത്. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിൽ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയിൽ ചിത്രം തികഞ്ഞ പരാജയമായിരുന്നു.
Story Highlights: Khalistan supporters disrupted screenings of Kangana Ranaut’s film “Emergency” in the UK, prompting a strong response from India.