അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനുവേണ്ടി ശക്തമായി വാദിക്കുന്നതിനിടെ, എതിർ സ്ഥാനാർത്ഥി കമലാ ഹാരിസിനെ വീണ്ടും പരിഹസിച്ച് ഇലോൺ മസ്ക് രംഗത്തെത്തി. ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മസ്കിന്റെ തമാശകൾ പരിധി വിട്ടത്. കമലാ ഹാരിസിന് നേരെ മാത്രം വധശ്രമമുണ്ടാകുന്നില്ലല്ലോ എന്ന പരിഹാസം മസ്ക് ആവർത്തിച്ചു. അത് വെറും പാഴ് വേല ആയി ആളുകൾ കാണുന്നതുകൊണ്ടാകും ആരും കമലയെ കൊല്ലാൻ നോക്കാത്തതെന്ന് അഭിമുഖത്തിനിടെ പറഞ്ഞ് മസ്ക് പൊട്ടിച്ചിരിച്ചു.
ട്രംപിനെതിരെ രണ്ട് വധശ്രമങ്ങൾ നടന്നത് ചൂണ്ടിക്കാട്ടിയാണ് മസ്കിന്റെ പരിഹാസം. സെപ്തംബറിൽ സമാനമായ പരിഹാസം മസ്ക് തന്റെ സ്വന്തം എക്സിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും കടുത്ത വിമർശനങ്ങൾ നേരിട്ടതിനെ തുടർന്ന് അത് ഡിലീറ്റ് ചെയ്തിരുന്നു. ഈ തമാശകൾ അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി വിമർശനങ്ങളാണ് മസ്കിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്നത്.
അതേസമയം, ഡൊണാൾഡ് ട്രംപിന്റെ കടുത്ത അനുയായി കണക്കാക്കപ്പെടുന്ന ഇലോൺ മസ്കിനെ താൻ പ്രസിഡന്റായാൽ ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വീണ്ടും അധികാരത്തിൽ എത്തിയാൽ മുഴുവൻ ഫെഡറൽ ഗവൺമെന്റിന്റെയും ഓഡിറ്റ് നടത്തുമെന്നും പുതിയ പരിഷ്കാരങ്ങൾക്ക് ശുപാർശകൾ നൽകാനായി പുതിയ എഫിഷ്യൻസി കമ്മീഷനെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ കമ്മീഷന്റെ ചെയർമാനായി ഇലോൺ മസ്കിനെ നിയമിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
Story Highlights: Elon Musk jokes about lack of assassination attempts on Kamala Harris, sparking controversy and criticism.