ലോകത്തിലെ അതിസമ്പന്നനായ ഇലോൺ മസ്കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മലോണിയും തമ്മിൽ ഡേറ്റിങിലാണെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ വൈറലായതിനെ തുടർന്നാണ് ഈ ഗോസിപ്പ് പരന്നത്. എന്നാൽ, ഈ വാർത്തയിൽ വിശദീകരണവുമായി മസ്ക് തന്നെ രംഗത്തെത്തി. തങ്ങൾ ഡേറ്റിങിലല്ലെന്നും താൻ അവിടെ ചെന്നത് അമ്മയ്ക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്തംബർ 24-ന് ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിൽ ജോർജിയ മെലോണിയെ ഇലോൺ മസ്ക് പുകഴ്ത്തിയിരുന്നു. അറ്റ്ലാൻ്റിക് കൗൺസിലിൻ്റെ ഗ്ലോബൽ സിറ്റിസൺ അവാർഡ് മെലോണിക്ക് സമ്മാനിച്ച മസ്ക്, ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഭരണ മികവിനെ കുറിച്ച് പ്രശംസിച്ചു. പുറമെ എത്രത്തോളം സുന്ദരിയാണോ അതിനേക്കാളേറെ മനസ് കൊണ്ടും സുന്ദരിയായ ഒരുവൾക്ക് സമ്മാനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇലോൺ മസ്കിൻ്റെ ഫാൻ ക്ലബാണ് ആദ്യം ഈ ചിത്രം പോസ്റ്റ് ചെയ്തത്. “ഇവർ ഡേറ്റ് ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. സംഭവം സൈബർ ലോകത്ത് വ്യാപകമായി പ്രചരിച്ചതോടെയാണ് മസ്ക് വിശദീകരണവുമായി രംഗത്തെത്തിയത്. മസ്കിൻ്റെ പോസ്റ്റ് പങ്കുവച്ച മെലോണി അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് നന്ദി പറഞ്ഞിരുന്നു.
Story Highlights: Elon Musk clarifies viral photo with Italian PM Giorgia Meloni, denying dating rumors