ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ആന അവശനിലയിലായതിനാൽ മയക്കുവെടി പ്രായോഗികമല്ലെന്ന് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. കാർത്തിക് വ്യക്തമാക്കി. കാട്ടാനയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ച ശേഷം സമീപത്തെ കാട്ടിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം. നാളെയും നിരീക്ഷണം തുടരുമെന്നും നാട്ടുകാരുമായി ചർച്ച തുടരുകയാണെന്നും ഡിഎഫ്ഒ കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിൽ കാട്ടാന വീണത്. കാട്ടാനയെ മയക്കുവെടി വെച്ച് കിണറ്റിൽ നിന്ന് കയറ്റി മറ്റൊരു ഉൾക്കാട്ടിൽ വിടണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ, വനംവകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കാട്ടാനയെ പുറത്തെത്തിക്കാൻ എത്തിച്ച മണ്ണുമാന്തി യന്ത്രവും നാട്ടുകാർ തടഞ്ഞു. ചർച്ചയിൽ ധാരണയായതിന് ശേഷം മാത്രമേ രക്ഷാപ്രവർത്തനം നടത്താവൂ എന്ന നിലപാടിലാണ് നാട്ടുകാർ.
കാട്ടാനയെ കരയ്ക്ക് കയറ്റും മുമ്പ് കൃഷിഭൂമി ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച് ഹഫീസ് ആവശ്യപ്പെട്ടു. വന്യമൃഗങ്ങൾ വീഴുന്ന ശുദ്ധജല സ്രോതസ്സുകൾ നശിപ്പിച്ച ശേഷം മൃഗങ്ങളെ രക്ഷിച്ചുകൊണ്ടുപോകുന്നതാണ് വനംവകുപ്പിന്റെ പതിവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കിണറ്റിൽ വീണ കാട്ടാനയുടെ സംഭവത്തിൽ, സണ്ണിയുടെ കുടിവെള്ള സ്രോതസ്സാണ് നഷ്ടമായത്. വന നിയമത്തിന്റെ പേരിൽ കർഷകർക്ക് പ്രതിരോധിക്കാൻ പോലും കഴിയുന്നില്ലെന്നും നഷ്ടപരിഹാരം നൽകിയ ശേഷം മാത്രം ആനയെ കരയ്ക്ക് കയറ്റിയാൽ മതിയെന്നും ഹഫീസ് പറഞ്ഞു.
Story Highlights: A wild elephant that fell into a well in Malappuram, Kerala, will not be tranquilized today due to its weakened condition.