എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയതിനെതിരെ സിപിഐ രംഗത്ത്. പദ്ധതിക്ക് നൽകിയ അനുമതി റദ്ദാക്കണമെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കാനാണ് സിപിഐ തീരുമാനം.
പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഏകകണ്ഠമായ ഈ തീരുമാനമെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ ജനങ്ങളുടെ ആശങ്കകൾ കേൾക്കാതെ മുന്നോട്ട് പോയാൽ തിരിച്ചടി ഉറപ്പാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ബ്രൂവറി വിഷയത്തിൽ സർക്കാർ നൽകിയ ന്യായീകരണങ്ങൾ മുന്നണിയിലെ രണ്ടാമനെ പോലും ബോധ്യപ്പെടുത്തിയിട്ടില്ലെന്നും സിപിഐ ആരോപിച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പദ്ധതി പ്രദേശം സന്ദർശിച്ചു. കുളങ്ങളിൽ പോലും വെള്ളം നിലക്കാത്ത ഭൂമിയിൽ എങ്ങനെ മഴക്കുഴി കേട്ടുമെന്ന് അദ്ദേഹം ചോദിച്ചു. ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് മുഖ്യമന്ത്രിയും എംബി രാജേഷും സംസാരിച്ച ശേഷമാണ് അനുമതി നൽകിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഒയാസിസ് കമ്പനിക്ക് മദ്യനിർമ്മാണശാല ആരംഭിക്കാൻ കോൺഗ്രസ് സർക്കാരുകളാണ് അനുമതി നൽകിയതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മദ്യ കമ്പനിക്ക് വേണ്ടി കുഴൽക്കിണർ വഴി ഒരു തുള്ളി വെള്ളം എടുക്കില്ലെന്നും മലമ്പുഴ വെള്ളവും മഴവെള്ളവുമാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം ആവർത്തിച്ചു.
Story Highlights: CPI demands cancellation of brewery permit in Elappully, Palakkad, citing public concerns and lack of convincing justification from the government.