എലപ്പുള്ളി മദ്യനിർമ്മാണശാലയെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. ജലചൂഷണം ഇല്ലെങ്കിൽ കമ്പനി പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ സ്വീകരിച്ചിരിക്കുന്നത്. 2017ൽ കൃഷി ആവശ്യത്തിനല്ലാതെ മലമ്പുഴയിൽ നിന്ന് വെള്ളം നൽകാനാകില്ലെന്ന് ഇറിഗേഷൻ വകുപ്പ് ജില്ലാ കളക്ടറെ രേഖാമൂലം അറിയിച്ചിരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവർ വൈകിട്ട് മദ്യപിക്കാൻ പോകുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണമെന്നും ശിവരാജൻ പറഞ്ഞു.
പദ്ധതിക്ക് കിൻഫ്ര അനുമതി നൽകിയാലും മലമ്പുഴ ഡാമിൽ നിന്ന് വെള്ളം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്. ഒടുവിൽ പേർക്ക് ജോലി കിട്ടാൻ സാധ്യതയുള്ള പദ്ധതിയെന്ന നിലയിൽ മദ്യനിർമ്മാണശാലയെ എതിർക്കേണ്ടതില്ലെന്നും ശിവരാജൻ അഭിപ്രായപ്പെട്ടു. കുടിവെള്ളക്ഷാമം രൂക്ഷമായ ജില്ലയിൽ പദ്ധതിക്ക് അനുമതി നൽകിയ എക്സൈസ് വകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മന്ത്രി എംബി രാജേഷിന്റെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടന്നു.
മദ്യനിർമ്മാണശാലയ്ക്കെതിരെ ബിജെപി കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ പദ്ധതിയെ പിന്തുണയ്ക്കുന്ന ശിവരാജന്റെ പ്രതികരണം ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നു. ഒരു ഭാഗത്ത് ബിജെപി മുന്നിൽ നിന്ന് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം നയിക്കുമ്പോഴാണ് ദേശീയ കൗൺസിൽ അംഗത്തിന്റെ ഭിന്നാഭിപ്രായം. കാലിക്കുടങ്ങളുമായാണ് മഹിളാമോർച്ചാ പ്രവർത്തകർ എത്തിയത്. പ്രതിഷേധത്തെപ്പറ്റി മുതിർന്ന നേതാവായ തന്നോട് കൂടിയാലോചന നടത്താത്തതിലും ശിവരാജൻ അതൃപ്തി പ്രകടിപ്പിച്ചു.
Story Highlights: BJP leader N. Sivarajan’s support for the Elappully brewery project sparks controversy within the party amidst ongoing protests.