എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിഎംകെ എംപി എസ് ജഗദ് രക്ഷകന് 908 കോടി രൂപയുടെ ഭീമമായ പിഴ ചുമത്തിയിരിക്കുന്നു. ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. 2020 മുതല് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ജഗദ് രക്ഷകന്റെയും കുടുംബത്തിന്റേയും പേരിലുള്ള 89.19 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
2021ലാണ് ഡിഎംകെ എംപിയ്ക്കും കുടുംബത്തിനുമെതിരെ ഫെമ നിയമലംഘനത്തിന് ഇഡി കേസെടുത്തത്. 2017ല് സിംഗപ്പൂരില് സ്ഥാപിച്ച ഒരു ഷെല് കമ്പനിയില് നിന്ന് 42 കോടി രൂപയുടെ നിക്ഷേപം ഫെമ നിയമം ലംഘിച്ച് ജഗദ് രക്ഷകും കുടുംബവും എടുത്തെന്നാണ് പരാതി. ശ്രീലങ്കന് കമ്പനിയില് നടത്തിയ 9 കോടി രൂപയുടെ ഇടപാടുകളിലെ നിയമലംഘനവും കൂടി കണക്കിലെടുത്താണ് ഭീമമായ പിഴ ഇഡി ചുമത്തിയിരിക്കുന്നത്.
അരക്കോണം ലോക്സഭാ സീറ്റില് നിന്നാണ് ജഗത് രക്ഷകന് വിജയിച്ചത്. ചെന്നൈയിലെ ഹോസ്പിറ്റല്, ഫാര്മസി ബിസിനസ് രംഗത്തെ പ്രമുഖ കമ്പനിയായ അക്കോര്ഡ് ഗ്രൂപ്പിന്റെ സ്ഥാപകന് കൂടിയാണ് അദ്ദേഹം. ഭാരത് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര് എഡ്യൂകേഷന് ആന്ഡ് റിസര്ച്ച് (BIHER) എന്ന സ്ഥാപനത്തിന്റെ ഉടമയും ജഗദാണ്. ഫെമ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
Story Highlights: ED fines DMK MP S Jagathrakshakan and family 908 crore for FEMA violations