മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കേണ്ടതില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് 4 കിലോമീറ്റർ നീളത്തിലും 6 മീറ്റർ വിസ്താരത്തിലും തുരങ്കം നിർമിക്കണമെന്നും, തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത്തരത്തിൽ തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാർ ഭീഷണിയുണ്ടാവില്ലെന്നും, ഡാം ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡാം നിർമാണം ചെലവേറിയതാണെന്ന് ശ്രീധരൻ അഭിപ്രായപ്പെട്ടു. ജലനിരപ്പ് 100 അടിയിൽ നിജപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിർദ്ദേശം തമിഴ്നാടും കേന്ദ്രവും ഉടൻ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിർപ്പ് ഉണ്ടാകില്ലെന്നും ഇ ശ്രീധരൻ പ്രതീക്ഷ പ്രകടിപ്പിച്ചു. വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ചർച്ചകൾ ഉടലെടുത്തിരുന്നു. മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്യണം എന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു.
മുല്ലപ്പെരിയാർ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് 2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്തിയത്. ഇപ്പോൾ ശ്രീധരൻ നിർദേശിച്ചിരിക്കുന്ന 100 അടി ജലനിരപ്പ് നിലവിലെ അനുവദനീയ പരിധിയേക്കാൾ വളരെ കുറവാണെന്ന് കാണാം.
Story Highlights: E Sreedharan proposes tunnel construction instead of new dam at Mullaperiyar