തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം ‘ലക്കി ഭാസ്കർ’ ദീപാവലി റിലീസായി തീയേറ്ററുകളിലെത്തുകയാണ്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമുള്ള ദുൽഖറിന്റെ ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘ലക്കി ഭാസ്കർ’ ആഗോള തലത്തിൽ വമ്പൻ റിലീസിനാണ് തയ്യാറെടുക്കുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ തന്നെ വേഫെറർ ഫിലിംസാണ് സിനിമ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രൈലർ, ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു.
1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ലക്കി ഭാസ്കർ’ ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ്. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും വെങ്കി അറ്റ്ലൂരിയാണ്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്.
സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ‘ലക്കി ഭാസ്കർ’ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി, കലാസംവിധാനം ബംഗ്ലാൻ എന്നിവരാണ്.
Story Highlights: Dulquer Salmaan’s pan-Indian film ‘Lucky Bhaskar’ set for global release, directed by Venky Atluri