ദുബായ്◾: ദുബായ് ഐലൻഡുമായി ബർദുബായിയെ ബന്ധിപ്പിക്കുന്ന എട്ടുവരി പാലം യാഥാർത്ഥ്യമാകുന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. ക്രീക്കിന് മുകളിലൂടെ 1.425 കിലോമീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുക.
പാലത്തിന്റെ നിർമ്മാണച്ചുമതല ദുബായ് ഹോൾഡിങ്ങിനാണ്. 78.6 കോടി ദിർഹമാണ് പദ്ധതിയുടെ ചെലവ്. ബർദുബായിക്ക് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം.
ഇരുദിശകളിലുമായി നാലുവരികളുള്ള പാലത്തിലൂടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. ക്രീക്കിൽനിന്ന് 18.5 മീറ്റർ ഉയരത്തിലാണ് പാലം നിർമിക്കുന്നത്. ഇൻഫിനിറ്റി പാലത്തിനും പോർട്ട് റാഷിദ് വികസന മേഖലയ്ക്കും ഇടയിലാണ് പാലത്തിന്റെ സ്ഥാനം.
സമുദ്രഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും പാലത്തിന്റെ നിർമ്മാണം. ബർദുബായി, ദുബായ് ദ്വീപുകൾ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് കിലോമീറ്റർ റോഡുകളും നിർമ്മിക്കും. കാൽനടയാത്രികർക്കും സൈക്കിൾ യാത്രികർക്കുമായി പ്രത്യേക പാതകളും പാലത്തിലുണ്ടാകും.
അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് പാലം നിർമ്മിക്കുന്നത്. ദുബായിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ബർദുബായിയിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും.
Story Highlights: Dubai is building an eight-lane bridge connecting Bur Dubai and Dubai Islands to ease traffic congestion.