കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെ അറിയിപ്പ് പ്രകാരം, മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗംഗാവലി പുഴയിൽ പരിശോധന നടത്തുന്നത്. ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
ഈശ്വർ മാൽപെ ആറ് ഡൈവുകൾ നടത്തിയിട്ടുണ്ട്. മൺകൂനയിലെ വലിയ കല്ലിലും ബോട്ടിലും കയർ കെട്ടിയാണ് മുങ്ങുന്നത്. മുളയിലാണ് വള്ളം നിയന്ത്രിച്ച് നിർത്തിയിരിക്കുന്നത്. ചെളിയും മണ്ണും കല്ലും പ്രതിസന്ധി ഉയർത്തുന്നുണ്ട്. അടിത്തട്ടിലെത്താൻ സാധിക്കുന്നില്ല. ഇരുട്ട് വീഴും വരെ പരിശോധന നടത്താനാണ് തീരുമാനം.
ഡ്രഡ്ജർ എത്തിക്കാൻ പാലങ്ങളുടെ നീളം പരിശോധിച്ചതായി സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ നേവിക്ക് നിർദേശം കളക്ടർ നൽകിയിട്ടുണ്ട്. നദിയിൽ നേവി സുരക്ഷയൊരുക്കും. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ നടക്കുന്നത്.