മുസ്‌ലിം വിവാഹമോചിത വനിതകൾക്ക് സിആർപിസി 125 പ്രകാരം ജീവനാംശത്തിന് കേസെടുക്കാം: സുപ്രീംകോടതി

Anjana

മുസ്‌ലിം വിവാഹമോചിത വനിതകൾക്ക് സിആർപിസി 125-ാം വകുപ്പ് പ്രകാരം ജീവനാംശത്തിനായി കേസെടുക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. 1986-ലെ മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചന നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ജീവനാംശം നിശ്ചയിക്കാവൂ എന്ന വാദം കോടതി തള്ളി. ജീവനാംശം സ്ത്രീകളുടെ അവകാശമാണെന്നും അത് ദാനമല്ലെന്നും കോടതി വ്യക്തമാക്കി.

തെലങ്കാനയിലെ മുഹമ്മദ് അബ്ദുൾ സമദ് എന്നയാളുടെ അപ്പീൽ ഹർജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. 2017-ൽ മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹമോചനം നേടിയ സമദിനോട് പ്രതിമാസം 10,000 രൂപ ജീവനാംശം നൽകാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 1986-ലെ നിയമപ്രകാരം തനിക്ക് ജീവനാംശം നൽകേണ്ടതില്ലെന്ന് വാദിച്ച് സമദ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും അഗസ്റ്റിൻ ജോർജ് മസീഹും പ്രത്യേകം വിധികൾ എഴുതിയെങ്കിലും സിആർപിസി 125 വകുപ്പ് പ്രകാരം കേസ് നൽകാമെന്ന കാര്യത്തിൽ ഏകാഭിപ്രായമായിരുന്നു. പ്രസിദ്ധമായ ഷാ ബാനോ കേസ് വിധി പരാമർശിച്ചുകൊണ്ടാണ് ഈ കേസിലും വിധി പ്രസ്താവിച്ചത്. മുസ്ലിം സ്ത്രീകൾ അടക്കം എല്ലാ സ്ത്രീകൾക്കും സിആർപിസി 125 വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് കോടതി വ്യക്തമാക്കി.