ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് ചില മാനേജ്മെന്റുകൾ നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്കെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിൽ നിയമന അംഗീകാരം നൽകാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഒരടിപോലും പിന്നോട്ട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തിൽ മാനേജ്മെന്റുകൾ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഒഴിവുകൾ ബോധപൂർവം റിപ്പോർട്ട് ചെയ്യാത്ത മാനേജ്മെന്റുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. PWD Act 1995, RPWD Act 2016 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള സുപ്രീംകോടതി വിധിയാണ് സർക്കാർ നടപ്പാക്കുന്നത്. ബാക്കിയുള്ള ഒഴിവുകൾ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിയമന അംഗീകാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കും. എത്ര ഒഴിവുകൾ ഇനിയും റിപ്പോർട്ട് ചെയ്യാനുണ്ട്, ഏതൊക്കെ മാനേജ്മെന്റുകളാണ് വീഴ്ച വരുത്തുന്നത് എന്ന കാര്യങ്ങൾ വകുപ്പ് തലത്തിൽ പരിശോധിക്കും. തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഏകദേശം അയ്യായിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ട സ്ഥാനത്ത് ഇതുവരെ 1500 ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ വിരലിലെണ്ണാവുന്ന മാനേജ്മെന്റുകൾ മാത്രമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളത്. ഈ വിഷയത്തിൽ കേസുകൾ വന്നപ്പോഴോ വിധി വന്നപ്പോഴോ മാനേജ്മെന്റുകൾ കോടതിയിൽ കക്ഷി ചേരാനോ തങ്ങളുടെ ഭാഗം വിശദീകരിക്കാനോ തയ്യാറായിരുന്നില്ല. വസ്തുതകൾ മറച്ചുവെച്ച് പ്രതിരോധം തീർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൻ.എസ്.എസ്. മാനേജ്മെന്റിന് മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചതെന്ന അഡ്വക്കേറ്റ് ജനറലിന്റെയും ലോ സെക്രട്ടറിയുടെയും നിയമോപദേശം നിയമസഭയിൽ വ്യക്തമാക്കിയതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് മാനേജ്മെന്റുകൾ നിയമിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമന അംഗീകാരം നൽകുക മാത്രമാണ് വകുപ്പ് ചെയ്യുന്നത്. അതിനാൽ നിയമനം നടത്താൻ സർക്കാരിന് സാധിക്കുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ആവർത്തിച്ചു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ നടപ്പാക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. വീഴ്ച വരുത്തുന്ന മാനേജ്മെന്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : v sivankutty rights of people with disabilities will be protected