ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ആവശ്യപ്പെട്ടതായാണ് സൂചന. സർക്കാരിന് മേൽ സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണ് ഈ നീക്കം. ആരോപണങ്ങൾ ഗൗരവതരമാണെന്നാണ് വിലയിരുത്തൽ. നിലവിൽ വയനാട്ടിലുള്ള രഞ്ജിത്ത് വാഹനത്തിൽ നിന്ന് ഔദ്യോഗിക പദവി സംബന്ധിച്ച നെയിം ബോർഡ് മാറ്റിയതായാണ് വിവരം.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ഇതിനെ തുടർന്ന് രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവർ ഗ്രൂപ്പിനുള്ളിൽ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകൾ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സർക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.
Story Highlights: Director Ranjith may resign as Film Academy chairman following actress Sreelekha Mitra’s allegations