രാജ്യത്ത് 2027-ൽ നടക്കാനിരിക്കുന്ന സെൻസസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിലൂടെ വിവരശേഖരണം കൂടുതൽ കാര്യക്ഷമമാകും. സെൻസസ് രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കുക.
ഡിജിറ്റൽ സെൻസസിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാകും. ഈ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡാറ്റ ശേഖരിക്കുന്നതിലൂടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാകും. പൗരന്മാർക്ക് അവരുടെ വിവരങ്ങൾ നൽകുന്നതിന് ഒരു വെബ് പോർട്ടൽ ഉണ്ടാകും. ഈ പോർട്ടൽ വഴി ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ വിവരങ്ങൾ നൽകാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഡാറ്റ ശേഖരണത്തിനായി ഉദ്യോഗസ്ഥർ അവരുടെ സ്വന്തം മൊബൈൽ ഫോണുകളാണ് ഉപയോഗിക്കുക.
സെൻസസിൻ്റെ ആദ്യ ഘട്ടമായ ഭവന സെൻസസ് 2026 ഏപ്രിലിൽ ആരംഭിക്കും. ഇതിനു ശേഷം രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടക്കും. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ 1 ആണ് റഫറൻസ് തിയ്യതിയായി കണക്കാക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1 മുതലാണ് സെൻസസ് ആരംഭിക്കുന്നത്. 2027 മാർച്ച് 1 ആണ് സെൻസസിൻ്റെ റഫറൻസ് തിയ്യതി.
സെൻസസ് പ്രവർത്തനങ്ങൾക്കായി വിപുലമായ പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 34 ലക്ഷം സെൻസസ് ഉദ്യോഗസ്ഥർക്കും സൂപ്പർവൈസർമാർക്കും ആവശ്യമായ പരിശീലനം നൽകും. സെൻസസ് കൃത്യമായി നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്.
2026 ജനുവരി 1-ന് ഇന്ത്യയിലെ ഭരണപരമായ അതിർത്തികൾ സെൻസസിനായി മരവിപ്പിക്കും. ജാതി സെൻസസ് കൂടി ഉൾപ്പെടുത്തി സെൻസസ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഇത് രാജ്യത്തെ 16-ാമത് സെൻസസ് ആണ്.
16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ സെൻസസ് നടക്കുന്നത്. അവസാന സെൻസസ് 2011-ലാണ് നടന്നത്. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരി കാരണമാണ് മാറ്റിവെച്ചത് എന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്.
Story Highlights : Central government says 2027 census will be made digital