ധോണിയുടെ ആരാധകർക്ക് അദ്ദേഹത്തിന്റെ ജീവിതകഥ നേരിട്ട് കേൾക്കാനുള്ള അവസരമൊരുക്കി ധോണി ആപ്പ് പുറത്തിറങ്ങി. ക്രിക്കറ്റിനപ്പുറമുള്ള ജീവിതാനുഭവങ്ങൾ, സംരംഭക ജീവിതത്തിലെ വിജയങ്ങളും പരാജയങ്ങളും, നേരിട്ട പ്രതിസന്ധികൾ, തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ധോണി തന്റെ ആരാധകരുമായി പങ്കുവെക്കുന്നു. റാഞ്ചിയിൽ നിന്നും ലോകവേദിയിലേക്കുള്ള തന്റെ യാത്രയിൽ എപ്പോഴും കുറച്ചുകൂടി ചെയ്യാനുള്ള ത്വരയാണ് തന്നെ നയിച്ചതെന്ന് ധോണി പറയുന്നു. ഈ മനോഭാവം ഇന്ത്യക്കാരുടെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളി സംരംഭകനും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിലുള്ള സിംഗിൾഐഡിയ ആണ് ധോണി ആപ്പ് വികസിപ്പിച്ചെടുത്തത്. ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തിനു വേണ്ടി ആദ്യമായി പുറത്തിറക്കുന്ന ഫാൻ ആപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ധോണിയുടെ എക്സ്ക്ലൂസീവ് ചിത്രങ്ങളും വീഡിയോകളും ആപ്പിൽ ലഭ്യമാണ്. മുംബൈയിൽ നടന്ന ചടങ്ങിൽ എംഎസ് ധോണി തന്നെയാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.
വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് പുറത്തിറങ്ങിയ പോഡ്കാസ്റ്റിലൂടെയാണ് ധോണി തന്റെ ജീവിതകഥ ആരാധകരുമായി പങ്കുവെച്ചത്. ചെറിയ ഗ്രാമത്തിലെ ജീവിതം, ചപ്പൽ ധരിച്ചിരുന്ന കാലം, റെയിൽവേയിലെ ജോലി, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ദീർഘയാത്ര തുടങ്ങി ജീവിതത്തിലെ നാഴികക്കല്ലുകളെല്ലാം ധോണി അനാവരണം ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ പോഡ്കാസ്റ്റ് ട്രെൻഡായതോടെ ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണത്തിലും വൻ വർധനവുണ്ടായി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും www.dhoniapp.com എന്ന വെബ്സൈറ്റിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. മലയാളി താരം സഞ്ജു സാംസണും ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
Story Highlights: MS Dhoni launches his own app, Dhoni App, featuring his first podcast where he shares untold stories from his life.