ധർമ്മസ്ഥല (കർണാടക)◾: കർണാടകയിലെ ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുമായി പ്രത്യേക അന്വേഷണ സംഘം (SIT) തെളിവെടുപ്പ് നടത്തി. തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് പറയുന്ന 15-ൽ അധികം ഇടങ്ങൾ അന്വേഷണസംഘം ഇതിനോടകം തന്നെ കണ്ടെത്തി അടയാളപ്പെടുത്തിയിട്ടുണ്ട്.
ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് സ്പോട്ട് മാർക്കിങ് വേഗത്തിലാക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. തെളിവെടുപ്പ് കർശന സുരക്ഷയിലാണ് നടന്നത്. സ്നാനഘട്ടത്തിന് സമീപം മൂന്ന് ഇടങ്ങൾ കൂടി പുതുതായി മാർക്ക് ചെയ്തിട്ടുണ്ട്.
13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന് പറയുന്ന ഒരിടം കൂടി ഇവിടെയുണ്ട്. അവിടെയും ശുചീകരണ തൊഴിലാളിയെ എത്തിച്ച് സ്പോട്ട് മാർക്ക് നടത്തും. അതിനു ശേഷം കണ്ടെത്തിയ സ്ഥലങ്ങൾ കുഴിച്ച് പരിശോധിക്കും.
ഇന്ന് തന്നെ സ്ഥലത്തിൻ്റെ മാപ്പിങ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഒന്നാം ഘട്ടം പൂർത്തിയാക്കി ഉടൻതന്നെ അന്വേഷണസംഘം റിപ്പോർട്ട് തയ്യാറാക്കും. റിപ്പോർട്ടിന് ശേഷം തുടർനടപടികൾ തീരുമാനിക്കും.
ശുചീകരണ തൊഴിലാളി മുൻപ് താമസിച്ചിരുന്ന സ്നാനഘട്ടത്തിലാണ് പ്രധാനമായും തെളിവെടുപ്പ് നടന്നത്. ഈ പുഴയിൽ ധാരാളം മൃതദേഹങ്ങൾ കണ്ടിട്ടുണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ധർമ്മസ്ഥലയിൽ 2012-ൽ നടന്ന സൗജന്യ കൊലക്കേസ് ഉൾപ്പെടെ, നൂറുകണക്കിന് അസ്വാഭാവിക മരണങ്ങളും തിരോധാനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ സ്ഥലങ്ങൾ കുഴിച്ച് പരിശോധിക്കുന്നതിൽ നിർണ്ണായകമായ തീരുമാനങ്ങളുണ്ടാകും. ഇതിലൂടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്.
Story Highlights : Dharmasthala; SIT to collect evidence with sanitation worker