മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറി. ഹാക്കിങ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി റിപ്പോർട്ടിൽ സർക്കാരിനെ അറിയിച്ചു. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടുമെന്നാണ് സൂചന.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നേരത്തെ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം. കെ. ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്ത് കൈമാറിയതും റിപ്പോർട്ടിലുണ്ട്. ഫോറൻസിക് പരിശോധനയിലും ഗൂഗിളിന്റെ പരിശോധനയിലും ഹാക്കിങ് സാധ്യത തള്ളിയിട്ടുണ്ട്.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയത് കെ. ഗോപാലകൃഷ്ണന്റെ ഫോണിൽ നിന്നു തന്നെയെന്ന മെറ്റയുടെ മറുപടി നേരത്തെ ലഭിച്ചിരുന്നു. എന്നാൽ, ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ വിശദാംശങ്ങൾ എടുക്കാൻ സൈബർ പൊലീസിന് കഴിഞ്ഞില്ല. മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സർവീസ് ചട്ടലംഘനമാണെന്ന് വിലയിരുത്തപ്പെടുന്നു. ഗ്രൂപ്പുകൾ തന്റേതല്ലെന്നും ഹാക്കിംഗ് നടന്നെന്നുമായിരുന്നു വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ഗ്രൂപ്പുകൾ മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തിരുന്നു.
Story Highlights: DGP hands over report on religious WhatsApp groups for IAS officers to Chief Secretary