എഡിജിപി എം ആര് അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്ട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോര്ട്ടില് പി വി അന്വറിന്റെ പരാതിയും ആര്എസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങളും പരാമര്ശിക്കുന്നു. അജിത് കുമാറിനെതിരെയുള്ള നടപടി സ്ഥാനചലനത്തില് ഒതുങ്ങില്ലെന്നാണ് സൂചന. ആര്എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില് അജിത് കുമാറിന്റെ വിശദീകരണം ഡിജിപി തള്ളിയെന്നാണ് പുറത്തുവരുന്ന വിവരം.
കൂടിക്കാഴ്ചയില് അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന ഗുരുതരമായ ആരോപണം ഉള്പ്പെടെയുള്ള കാര്യങ്ങള് റിപ്പോര്ട്ടില് ഉണ്ടെങ്കില് കൂടുതല് കടുത്ത നടപടികള് ഉണ്ടാകും. എടവണ്ണ റിദാന് കൊലപാതക കേസിലെയും മാമി തിരോധാന കേസിലെയും വീഴ്ചകളില് വിശദമായ അന്വേഷണത്തിന് ഡിജിപി ശിപാര്ശ ചെയ്തതായാണ് സൂചന. തൃശൂര് പൂരം കലക്കലിലാണ് അജിത് കുമാറിന് കുരുക്കുണ്ടാകുന്നതെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആര്എസ്എസ് കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ വെട്ടിലാക്കുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള് തെളിയിക്കുന്നത്.
റിപ്പോര്ട്ടിലെ വിശദാംശങ്ങള് ഡിജിപി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടെത്തി ധരിപ്പിക്കും. അതിനുശേഷമാകും അജിത് കുമാറിനെതിരെ നടപടിയെടുക്കുക. അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ഇന്നുചേര്ന്ന ശബരിമല അവലോകന യോഗത്തില് നിന്ന് എഡിജിപി എം ആര് അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു. നാളത്തെ ദിനം അജിത് കുമാറിന് അതീവ നിര്ണായകമാകും.
Story Highlights: DGP hands over investigation report against ADGP M R Ajith Kumar to Home Secretary