രാജ്യത്ത് വലിയ രീതിയിലുള്ള സാമ്പത്തിക മാറ്റങ്ങൾക്ക് വഴി തെളിയിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം തികയുന്നു. 2016 നവംബർ എട്ടിനാണ് 500, 1000 രൂപയുടെ കറൻസി നോട്ടുകൾ അസാധുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കള്ളപ്പണം തടയുന്നതിനും കറൻസി രഹിത സമ്പദ്വ്യവസ്ഥ ലക്ഷ്യമിട്ടുമായിരുന്നു ഈ നടപടി. ഈ പ്രഖ്യാപനം രാജ്യമെമ്പാടും വലിയ ചലനങ്ങൾ സൃഷ്ടിച്ചു.
2016 നവംബർ എട്ടിന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 500, 1000 രൂപയുടെ നോട്ടുകൾ ഇനിമേൽ നിയമപരമായി ഉപയോഗിക്കാനാവില്ലെന്ന് അറിയിച്ചത്. ഈ നീക്കം രാജ്യത്തെ സാമ്പത്തിക മേഖലയിലും സാധാരണ ജനജീവിതത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. കേന്ദ്രസർക്കാരിന്റെ ഈ പ്രഖ്യാപനം രാജ്യത്തെ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.
നോട്ട് നിരോധനം നടപ്പാക്കുന്നതിന്റെ പ്രധാന ലക്ഷ്യമായി സർക്കാർ പറഞ്ഞത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുകയും അതുപോലെതന്നെ രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുകയും മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കുക എന്നതുമായിരുന്നു. എന്നാൽ ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ദുരിതങ്ങൾ നിറഞ്ഞ ദിവസങ്ങളായിരുന്നു സമ്മാനിച്ചത്. പഴയ നോട്ടുകൾ മാറ്റിയെടുക്കുന്നതിനും പുതിയ നോട്ടുകൾ ലഭിക്കുന്നതിനും വേണ്ടി ജനങ്ങൾ ബാങ്കുകളിലും എടിഎമ്മുകളിലും മണിക്കൂറുകളോളം കാത്തുനിന്നു.
നോട്ട് നിരോധനത്തെ തുടർന്ന് രാജ്യമെമ്പാടും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നത് ഒരു ദുഃഖകരമായ യാഥാർഥ്യമാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് ഏകദേശം 80 ഓളം ആളുകൾ ഈ സമയം കുഴഞ്ഞുവീണ് മരിച്ചു എന്നാണ്. ഇത് നോട്ട് നിരോധനത്തിന്റെ ദുരിതഫലങ്ങളിൽ ഒന്നുമാത്രമാണ്.
2016 നവംബർ എട്ടാം തീയതിയിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 17.97 ലക്ഷം കോടി രൂപയുടെ കറൻസി നോട്ടുകളാണ് വിനിമയത്തിലുണ്ടായിരുന്നത്. ഇതിൽ 85 ശതമാനത്തോളം 500, 1000 രൂപയുടെ നോട്ടുകളായിരുന്നു. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016-17 ലെ വാർഷിക റിപ്പോർട്ടിൽ നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന് പറയുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം കറൻസി നോട്ടുകളുടെ ഉപയോഗം മുൻപത്തേക്കാൾ വർധിച്ചിട്ടുണ്ട്. ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് നോട്ട് നിരോധനം പൂർണ്ണമായി ലക്ഷ്യം കണ്ടില്ല എന്ന് വേണം കരുതാൻ. അതിനാൽത്തന്നെ നോട്ട് നിരോധനം കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ പൂർണ്ണമായി നടപ്പിലാക്കാൻ സാധിച്ചോ എന്നത് ഇപ്പോളും ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു.
Story Highlights : Today marks nine years since demonetization



















