എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി

Anjana

മുഖ്യമന്ത്രി പിണറായി വിജയൻ എസ്എഫ്ഐയെ ന്യായീകരിച്ച് നിയമസഭയിൽ സംസാരിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകിയ മുഖ്യമന്ത്രി, എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നതായി ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തനത്തിന്റെ പേരിൽ 35 പേർ കൊല്ലപ്പെട്ടതായും, ഇത്തരം അനുഭവം കെഎസ്‌യുവിന് ഉണ്ടോയെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ചോദിച്ചു.

കൊലപാതകങ്ങളെ ന്യായീകരിക്കുകയും കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്നത് പ്രതിപക്ഷ നേതാക്കളാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എസ്എഫ്ഐ ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ലെന്നും, പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ നേരിട്ടുകൊണ്ടാണ് വളർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റിനെ തെറ്റായി തന്നെ പറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്എഫ്ഐയെ താറടിച്ച് കാണിക്കാനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം നിർഭാഗ്യകരമാണെന്നും, അത് ഒഴിവാക്കാൻ വിദ്യാർത്ഥി സംഘടനകളും സ്ഥാപനങ്ങളും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയെ മാത്രം താറടിക്കാനുള്ള ശ്രമം പ്രശ്നങ്ങളെ സങ്കീർണമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ അവഗണിച്ച് ക്യാമ്പസുകളിൽ ഗുണ്ടാവിളയാട്ടം മാത്രമാണെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കായി നടത്തുന്ന പക്ഷപാതപരമായ പ്രചാരണം സർക്കാരിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള യാത്രക്കിടെയുണ്ടായ പ്രതിഷേധങ്ങൾക്കെതിരെയുള്ള നടപടികളെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനമായി വിശേഷിപ്പിച്ചു. തന്റെ വാഹനത്തിലേക്ക് ചാടിയെത്തിയവരെ രക്ഷപ്പെടുത്തുകയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരെന്നും, വാഹനം ദേഹത്ത് തട്ടാതിരിക്കാനാണ് അവരെ പിടിച്ചുമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. താൻ നേരിട്ട് കണ്ട കാര്യങ്ങളാണ് പറയുന്നതെന്നും, ഇന്നലെയും ഇന്നും പറഞ്ഞതുപോലെ നാളെയും പറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.