ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേരുടെ മരണത്തിനിടയാക്കിയ തിക്കിലും തിരക്കിലും റെയിൽവേയുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് ആർപിഎഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരി 16-ന് ഡൽഹി സോണിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ച രേഖാമൂലമുള്ള റിപ്പോർട്ടിലാണ് ആർപിഎഫ് ഈ നിഗമനത്തിലെത്തിച്ചേർന്നത്. അപകടവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളോട് റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ ആവശ്യപ്പെട്ടിരുന്നു.
എല്ലാ വിഭാഗങ്ങളുടെയും റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം റെയിൽവേ നിയോഗിച്ച ഉന്നതതല സമിതി അന്തിമ റിപ്പോർട്ട് തയ്യാറാക്കും. കുംഭമേള പ്രത്യേക ട്രെയിനിന്റെ പ്ലാറ്റ്ഫോം നമ്പർ സംബന്ധിച്ച ആശയക്കുഴപ്പമാണ് അപകടത്തിന് കാരണമെന്ന് ആർപിഎഫ് ചൂണ്ടിക്കാട്ടുന്നു. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാതകളിലെ തിരക്ക് നിയന്ത്രിക്കാൻ ആർപിഎഫ് ശ്രമിക്കുന്നതിനിടെയാണ് ആശയക്കുഴപ്പമുണ്ടായത്.
ശനിയാഴ്ച രാത്രി എട്ടേമുക്കാലിന് കുംഭമേള പ്രത്യേക ട്രെയിൻ പ്ലാറ്റ്ഫോം നമ്പർ 12-ൽ നിന്ന് പുറപ്പെടുമെന്ന് ആദ്യം അറിയിപ്പ് നൽകിയിരുന്നു. പിന്നീട്, ട്രെയിൻ പ്ലാറ്റ്ഫോം നമ്പർ 16-ൽ നിന്നാണ് പുറപ്പെടുക എന്ന അറിയിപ്പ് വന്നു. ഈ ആശയക്കുഴപ്പം മുലം ആളുകൾ നടപ്പാതയിലേക്ക് ഇരച്ചെത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
തിരക്ക് വർധിച്ചതോടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണർ ജാഗ്രത നിർദേശം നൽകിയിരുന്നു. കൂടുതൽ ടിക്കറ്റുകൾ വിൽക്കരുതെന്ന് സ്റ്റേഷൻ ഡയറക്ടറോട് ആവശ്യപ്പെട്ടതായും ആർപിഎഫ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശയക്കുഴപ്പമുണ്ടാക്കിയ അനൗൺസ്മെന്റാണ് അപകടത്തിന് കാരണമെന്ന് ആർപിഎഫ് ആരോപിക്കുന്നു.
റെയിൽവേയുടെ അനൗൺസ്മെന്റ് മൂലമുണ്ടായ ആശയക്കുഴപ്പമാണ് അപകടത്തിന് കാരണമെന്ന് പോലീസിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ആർപിഎഫിന്റെ റിപ്പോർട്ട്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും റെയിൽവേയെ കുറ്റവിമുക്തമാക്കാനാവില്ലെന്ന് ആർപിഎഫ് വ്യക്തമാക്കി.
Story Highlights: RPF blames miscommunication for the Delhi Railway Station stampede that killed 18.