ദില്ലിയിലെ നാഷനൽ ലോ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷയായ ഐലറ്റ് (ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്) ഡിസംബർ 8നു നടക്കും. രാജ്യത്തെ ഏറ്റവും മികച്ച നിയമ പഠന സർവകലാശാലകളിൽ ഒന്നായ ഈ സ്ഥാപനത്തിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കാണ് പ്രവേശനം. നവംബർ 18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം, കൊച്ചി അടക്കം 35 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം.
യുജി പ്രോഗ്രാമുകളായി ബിഎ എൽഎൽബി ഓണേഴ്സ്, ബി.കോം എൽഎൽബി ഓണേഴ്സ് എന്നീ അഞ്ച് വർഷ പ്രോഗ്രാമുകളാണുള്ളത്. ഓരോ പ്രോഗ്രാമിലും അഞ്ച് സീറ്റുകൾ വീതം വിദേശികൾക്കും ഒസിഐ, പിഐഒ കാറ്റഗറിയിലുള്ളവർക്കും നീക്കിവെച്ചിട്ടുണ്ട്. ഇവർക്ക് ഐലറ്റ് എഴുതേണ്ട ആവശ്യമില്ലെങ്കിലും യോഗ്യത പരീക്ഷയിൽ 65% മാർക്ക് നേടണം. പ്രവേശന യോഗ്യതയായി 45% മാർക്കോടെയുള്ള പ്ലസ് ടു മതി. പിന്നോക്കക്കാർക്ക് 42%, പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്കും മതിയാകും. നിലവിലെ ഹയർ സെക്കണ്ടറി രണ്ടാം വർഷക്കാർക്കും അപേക്ഷിക്കാം.
പിജി പ്രോഗ്രാമുകളായി എൽഎൽഎം, മാസ്റ്റർ ഓഫ് ലോ ഇൻ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ലോ & മാനേജ്മെന്റ്, മാസ്റ്റർ ഓഫ് ആർട്സ് ഇൻ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ലോ & മാനേജ്മെന്റ് എന്നിവയുണ്ട്. 55% മാർക്കോടെ എൽഎൽബി/തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മതി. പിഎച്ച്ഡി പ്രവേശനത്തിന് 25 സീറ്റ് ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കാം.
Story Highlights: National Law University Delhi announces AILET entrance exam for UG and PG law courses on December 8, with applications open until November 18.