**ഡൽഹി◾:** ഡൽഹിയിൽ എംപിമാരുടെ വസതിയിൽ തീപ്പിടുത്തം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യസഭാ എംപിമാർക്ക് അനുവദിച്ച ബ്രഹ്മപുത്ര ഫ്ലാറ്റ്സിലാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, പാർക്കിങ്ങിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ ബാൽക്കെണി പൂർണമായി കത്തി നശിച്ചു. മൂന്ന് ഫ്ലാറ്റുകളിലേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു.
പാർലമെൻ്റ് സമ്മേളനം നടക്കാത്തതിനാൽ എം.പിമാരിൽ പലരും സ്ഥലത്തില്ലായിരുന്നു. എംപിമാർ മാത്രം താമസിക്കുന്ന ഫ്ലാറ്റുകളാണിത്. കെട്ടിടം പാർലമെന്റിൽ നിന്നും ഏകദേശം 200 മീറ്റർ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിൽ നിന്നുള്ള നാല് എംപിമാർ ഈ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ജോസ് കെ മാണി, ജെബി മേത്തർ, പി.പി. സുനീർ, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള എംപിമാർ.
അതേസമയം, ഫയർഫോഴ്സ് എത്താൻ വൈകിയെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഏകദേശം 30 മിനിറ്റോളം വൈകിയാണ് ഫയർഫോഴ്സ് എത്തിയതെന്നാണ് നാട്ടുകാരുടെ പരാതി.
Story Highlights: Fire broke out at the residence of MPs in Delhi, but no casualties were reported.