ഡൽഹി ഹൈക്കോടതി ഇന്ന് എക്സാലോജിക് – സിഎംആർഎൽ മാസപ്പടി കേസിലെ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന സിഎംആർഎലിന്റെ ഹർജി പരിഗണിക്കും. സിഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരാകും. ഉച്ചയ്ക്ക് 2.30ന് ഹർജികളിൽ വാദം കേൾക്കും. ഹർജിയിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. ഹർജി പരിഗണിക്കുന്നതിന് മുൻപ് മറുപടി സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. മാസപ്പടി ആരോപണത്തിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്നാണ് പ്രധാന ഹർജിയിൽ കമ്പനിയുടെ വാദം. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നേരത്തെ നൽകിയ ഹർജിയിലും ഇന്ന് വാദം കേൾക്കും. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് കമ്മീഷൻ തീർപ്പാക്കിയ വിഷയത്തിൽ മറ്റ് അന്വേഷണങ്ങൾ കഴിയില്ലെന്നും സിഎംആർഎൽ വ്യക്തമാക്കി.
പ്രധാന ഹർജി പരിഗണിക്കവേ, എസ്എഫ്ഐഒ അന്വേഷണം തുടരാൻ അന്നത്തെ ജഡ്ജി സുബ്രഹ്മണ്യം പ്രസാദ് അനുമതി നൽകിയിരുന്നെങ്കിലും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കരുതെന്ന് വാക്കാൽ നിർദേശിച്ചിരുന്നതായി സിഎംആർഎൽ ചൂണ്ടിക്കാട്ടി. കോടതിയുത്തരവ് ധിക്കരിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും സിഎംആർഎൽ ചൂണ്ടിക്കാട്ടി. എക്സാലോജിക് – സിഎംആർഎൽ മാസപ്പടി കേസിലെ സുപ്രധാന വഴിത്തിരിവാകും ഇന്നത്തെ കോടതി വിധി.
Story Highlights: The Delhi High Court will hear CMRL’s plea to stay further action by the SFIO in the Exalogic – CMRL monthly payment case.